A PORTAL FOR VARIOUS SAYYID FAMILIES OF KERALA

Blogs

പാൽക്കാരൻറെ മക്കൾ

ഒരാൾക്ക് വൃദ്ധരായ മാതാപിതാക്കളും കുറെ ചെറിയ മക്കളുമുണ്ടായിരുന്നു. കുടുംബത്തോട് അതിയായ സ്നേഹം പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നു അയാൾ. ഒരു ക്ഷീരകർഷകനായിരുന്നു. ആടുമാടുകളെ വളർത്തി അവയുടെ പാൽ കറന്ന് വിറ്റുകിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ആ കുടുംബം ജീവിച്ചു പോന്നിരുന്നത്. അയാളെ ജോലിയിൽ സഹായിക്കാൻ കുടുംബത്തിൽ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. ആടുമാടുകളെ കുളിപ്പിക്കൽ, തീറ്റ കൊടുക്കൽ, പാൽ കറക്കൽ എല്ലാം അയാളൊറ്റക്ക് തന്നെയായിരുന്നു ചെയ്തിരുന്നത്. മിക്കവാറും കറന്നുകിട്ടുന്ന പാലെല്ലാം വിറ്റു പോകാറുണ്ടാകും. എന്നും കുറച്ചു പാൽ മാതാപിതാക്കൾക്കും മക്കൾക്കും മറ്റും കുടിക്കാൻ വേണ്ടി അയാൾ ബാക്കിയാക്കുകയും ചെയ്യുന്നുണ്ടാകും. വിറ്റില്ലെങ്കിൽ ഒരുപക്ഷേ അയാൾക്ക് കുടുംബം പോറ്റാനുള്ള വക കിട്ടുന്നുണ്ടായിരിക്കില്ല. എന്നിരുന്നാലും തന്റെ കുടുംബത്തെ കുടിപ്പിക്കാതെ മുഴുവൻ പാലും വിൽക്കാൻ അയാളുടെ മനസ്സ് സമ്മതിക്കുന്നുണ്ടായിരിക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾ തന്റെ ജോലികൾ തീർക്കാൻ കുറച്ചു വൈകി. പാൽ വിറ്റ് പണം കിട്ടാനോ, മറ്റു ചില കാര്യങ്ങളിലോ, താമസം നേരിട്ടിരിക്കണം. അല്ലെങ്കിൽ ആടുമാടുകളോ അവയുടെ കിടാങ്ങളോ കാണാതെ പോയപ്പോൾ അവയെ തിരഞ്ഞ് കുറെ ദൂരം പോയിരിക്കണം. വീടണഞ്ഞപ്പോഴേക്കും കുറെ വൈകിയിരുന്നു. രാത്രി ഇരുട്ടിപ്പോയിരുന്നു. പാലും കൊണ്ട് അയാൾ വരുന്നതും കാത്ത് വീട്ടുകാർ കാത്തിരിക്കുകയാണ്. സാധാരണ അയാൾ വന്നാൽ ആദ്യം തന്റെ മാതാപിതാക്കളെ പാൽ കുടിപ്പിക്കലായിരുന്നു പതിവ്. പക്ഷേ അന്ന് അയാൾ എത്തിയപ്പോഴേക്കും വൃദ്ധരായ മാതാപിതാക്കൾ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയിരുന്നു. കുട്ടികൾ ഉണർന്നു തന്നെയുണ്ടായിരുന്നു. അയാൾ നേരെ മാതാപിതാക്കളുടെ മുറിയിൽ ചെന്നപ്പോൾ അവർ ഉറങ്ങിയതായാണ് കണ്ടത്. അയാൾ അവർ ഉണരുന്നതും കാത്ത് അവിടെത്തന്നെ നിന്നു. തൻറെ മാതാപിതാക്കൾ തന്നെയും കാത്തിരുന്ന് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയില്ലേ!. ഇനി താൻ അവരെ കാത്തിരിക്കാതെ പറ്റില്ല എന്നയാൾ വിശ്വസിച്ചു. കുട്ടികൾ പാലിനു വേണ്ടി അലമുറ കൂട്ടി. അയാൾ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ അവരും ഉറങ്ങി. മാതാപിതാക്കൾ അർദ്ധരാത്രിയായിട്ടും ഉണർന്നില്ല. അയാൾ ആ ഒറ്റ നില്‍പ്പു തന്നെ നിന്നു. പോയി കിടന്നുറങ്ങുകയോ മറ്റോ ചെയ്തില്ല. അവർ ഉണരുമ്പോൾ തന്നെ കണ്ട് സന്തോഷിക്കണമെന്ന് അയാൾ വിചാരിച്ചു. പുലർച്ചയായതിനുശേഷമാണ് അവർ ഉണർന്നത്. അപ്പോഴും അയാൾ ആ ഒറ്റ നിൽപ്പ് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവർ അയാളെ കണ്ട് ആശ്ചര്യപ്പെട്ടു "മോനെ... നീ ഉറങ്ങിയില്ലേ?" എന്ന് ചോദിച്ചു. "ഇല്ല... നിങ്ങൾ ഉണരുന്നതും കാത്തിരിക്കുകയായിരുന്നു" എന്നയാൾ പറഞ്ഞു. അവർ പാൽ കുടിച്ചു; തൻറെ മകനുവേണ്ടി പ്രാർത്ഥിച്ചു.

ശ്രദ്ധ:

വൃദ്ധരായ മാതാപിതാക്കളെ നട തള്ളുന്നു, വൃദ്ധസദനത്തിൽ ഏൽപ്പിക്കുന്നു, ഉപേക്ഷിച്ചിട്ടു പോകുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ധാരാളം ഇത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ പാൽക്കാരന്റെ കഥയിൽ നിന്ന് സമൂഹം പാഠം ഉൾക്കൊണ്ടിരുന്നെങ്കിൽ; ഇതുപോലെയുള്ള മക്കളെ കണ്ടു പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ശത്രുവിനും സൗഭാഗ്യം വരട്ടെ !

ജനങ്ങളെ സ്നേഹിക്കുകയും അവർക്കു നല്ലത് മാത്രം പറഞ്ഞു കൊടുക്കുകയും സന്മാർഗത്തിലൂടെ മാത്രം വഴി നടത്താൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ധാരാളം ബന്ധുക്കളും കൂട്ടുകാരും ഉണ്ടായിരുന്നു. പക്ഷേ അവരധികവും അദ്ദേഹത്തെ കേൾക്കാൻ താല്പര്യം കാണിച്ചിരുന്നില്ല. അതങ്ങനെയാണല്ലോ; തങ്ങളുടെ ദേഹേച്ഛകൾക്കൊത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും അർമാദിച്ച് ജീവിക്കാനും താല്പര്യപ്പെടുന്നവരാരും സദുപദേശങ്ങൾ കേൾക്കാൻ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. സദ്ഗുണങ്ങളെ ഇഷ്ടപ്പെടാത്ത ചിലർ അദ്ദേഹത്തെ വല്ലാതെ വെറുക്കുകയും തക്കം കിട്ടിയാൽ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇത്തരം സ്വഭാവമുള്ള ഒരു സ്ത്രീ ഈ മനുഷ്യൻ നിത്യം നടന്നുപോകുന്ന വഴിയരികിൽ വീട് വച്ചു താമസിക്കുന്നുണ്ടായിരുന്നു. എല്ലാദിവസവും അദ്ദേഹം വരുന്നതും കാത്ത് ആ സ്ത്രീ നിൽക്കുമായിരുന്നു വരുമ്പോൾ വരവേൽക്കുകയല്ല; വഴിയിൽ കല്ലുമുള്ളുകളും, ചാണകവും, മറ്റു അഴുക്കുകളും ഇടുകയായിരുന്നു അദ്ദേഹം ഒട്ടും അക്ഷമ കാണിക്കാതെ അതെല്ലാം സ്വന്തം കൈകൾകൊണ്ട് നീക്കംചെയ്ത് വഴി വൃത്തിയാക്കി നടന്നു പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒന്നുരണ്ടു ദിവസങ്ങളായി അദ്ദേഹം അതുവഴി നടന്നു പോയപ്പോൾ ഈ കല്ലുമുള്ളുകളും ചാണകവും ഒന്നും കാണാൻ കഴിഞ്ഞില്ല. ആ സ്ത്രീക്ക് എന്തുപറ്റിയെന്ന് ആ മനുഷ്യൻ ആളുകളോട് ചോദിച്ചറിഞ്ഞു. ആ സ്ത്രീക്ക് കലശലായ രോഗം പിടിപെട്ടിരിക്കുകയാണെന്നും കിടപ്പിലാണെന്നും മറുപടി കിട്ടി. അദ്ദേഹം നേരെ ആ സ്ത്രീയുടെ വീട്ടിലേക്ക് കടന്നു ചെന്നു. ഞാൻ നിങ്ങളെ സന്ദർശിക്കാൻ വന്നതാണെന്നും നിങ്ങളുടെ രോഗവിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞു. എനിക്ക് നിങ്ങളുടെ വീട്ടിനകത്തേക്ക് പ്രവേശിക്കാമോ എന്നു ചോദിച്ചു. ആ സ്ത്രീ ജാള്യതയോടെ തലയാട്ടി സമ്മതം നൽകി. അദ്ദേഹം അവരുടെ അടുത്തുചെന്ന് വേണ്ട ശുശ്രൂഷകൾ എല്ലാം ചെയ്തുകൊടുക്കുകയും രോഗം ഭേദമാകാൻ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോഴാണ് ഈ മനുഷ്യൻറെ മഹത്വത്തെക്കുറിച്ച് സ്ത്രീ മനസ്സിലാക്കുന്നത്. അവർ അദ്ദേഹത്തോടുള്ള ശത്രുത നിർത്തി അദ്ദേഹത്തിൻറെ ഉപദേശം കേൾക്കാൻ തുടങ്ങി.

ശ്രദ്ധ:

തങ്ങളോട് ശത്രുത വെക്കുന്നവരോട് അതേ നാണയത്തിൽ ശത്രുത വെക്കാതെ അവരെ വെറുക്കാതിരിക്കുകയാണെങ്കിൽ ഈ ലോകത്ത് മനുഷ്യജീവിതം എത്ര സുന്ദരമായിരിക്കും.

കള്ളൻ കള്ളൻ!

പ്രഭാഷകനും സാത്വികനുമായ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം നാടുനീളെ നടന്ന് ജനങ്ങളെ നേർവഴിയിലേക്ക് നയിക്കുമായിരുന്നു. ആളുകൾ കൂടിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം പ്രസംഗിക്കും. ഒരു സ്റ്റേജോ, പ്രചരണ പരിപാടികളോ, ഒന്നും അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ അർത്ഥവത്തായ പ്രസംഗത്തിൽ പൊതുജനങ്ങൾ ആകൃഷ്ടരാകുമായിരുന്നു. അതുകൊണ്ടുതന്നെ പല രാഷ്ട്രീയപ്രമുഖരും, മാടമ്പിമാരും, മറ്റും അദ്ദേഹത്തിന് ശത്രുക്കളായിത്തീരുന്നുണ്ടായിരുന്നു. സത്യം പറയുന്നവരോട് ശത്രുത പുലർത്തുന്നവർ എക്കാലത്തും എവിടെയും സുലഭമാണല്ലോ! പ്രത്യേകിച്ചും അവരുടെ താല്പര്യങ്ങൾ ഹനിക്കപ്പെടുന്ന പ്രവണത ഈ സത്യപ്രചാരണം കൊണ്ടുണ്ടായി തീർന്നാൽ. ഒരിക്കൽ അദ്ദേഹം ഒരു വഴി വക്കിലൂടെ നടന്നു പോകുകയായിരുന്നു. എന്തെങ്കിലും നല്ല പ്രവർത്തിയുടെ മേൽ ആളുകളെ പ്രേരിപ്പിക്കുകയോ, എന്തെങ്കിലും ചീത്ത പ്രവർത്തിയിൽ നിന്ന് അവരെ തടയുകയോ ഒക്കെ ചെയ്യണമെന്നുള്ള ഉദ്ദേശം വച്ചു കൊണ്ടായിരിക്കാം ആ നടത്തം. അവിടെയെങ്ങും ആരെയും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആളുകളുടെ ചരക്കുകളും മറ്റുമെല്ലാം വഴിവക്കിൽ കൂട്ടിയിടാറുണ്ടല്ലോ.... അങ്ങനെയുള്ള ഒരു ചരക്കിനുള്ളിൽ കയ്യിട്ടു പരുങ്ങലോടെ ഒരാൾ എന്തോ വലിച്ചെടുക്കുന്നത് കണ്ടു. സാത്വികനായ ആ പ്രഭാഷകൻ അയാളുടെ അടുത്തുചെന്നു. അയാളുടെ നിൽപ്പും ഭാവവും മറ്റും കണ്ടാൽ എന്തോ മോഷ്ടിക്കുകയാണെന്ന് വ്യക്തമാണ്. പ്രഭാഷകൻ അയാളോട് ഇങ്ങനെ പറഞ്ഞു. "നീ മോഷ്ടിക്കുകയാണല്ലേ?" അയാൾ പറഞ്ഞു "പടച്ചോനാണ് സത്യം ഞാനൊന്നും മോഷ്ടിക്കുകയല്ല"... ഇത് കേട്ടപ്പോൾ "ഞാനൊരു വിശ്വാസിയാണ് എന്നിരുന്നാലും എൻറെ കണ്ണുകൾ കണ്ടതിനെ ഞാനിപ്പോൾ വിശ്വസിക്കുന്നില്ല" ഇതും പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നു പോയി.

ശ്രദ്ധ:

എന്തെങ്കിലും ഒരു സംശയം ആരെയെങ്കിലും കുറിച്ചുണ്ടാകുകയാണെങ്കിൽ; നമ്മുടെ പോലീസുകാരും അന്വേഷണ ഉദ്യോഗസ്ഥന്മാരും മറ്റും ഉടൻ പിടിച്ചു കൊണ്ടു പോകുകയോ ചിലപ്പോൾ വെടിവെച്ചു കൊല്ലുകയോ ഒക്കെയാണ് പതിവ്. പിന്നീട് അതെല്ലാം തെറ്റായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലുകളാണെന്നും മറ്റും കോടതികൾ പോലും വിധിക്കുന്ന പതിവ് ഇവിടെ ധാരാളമാണ്. ഇവരെല്ലാം ഈ പാഠം പഠിച്ചിരുന്നെങ്കിൽ എത്രയോ നിരപരാധികളുടെ ജീവനും അഭിമാനവും സ്വത്തും നഷ്ടപ്പെടാതെ സംരക്ഷിക്കാമായിരുന്നില്ലേ.

ഇരുട്ടിലെ മുഖ്യന്മാർ

രസികനായ ഒരു ചെറുപ്പക്കാരൻ രാത്രിയിൽ ഉറക്കൊഴിച്ച് ഇറങ്ങി നടക്കാറുണ്ടായിരുന്നു. രാത്രിയിൽ കണ്ടുമുട്ടുന്ന ആളുകളെക്കൊണ്ട് രസകരമായ അനുഭവങ്ങൾ ഉണ്ടാക്കുകയോ, അവർക്കെന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അത് നിറവേറ്റി കൊടുക്കുകയോ, രാത്രിയിൽ കള്ളന്മാരുടെ ശല്യം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ഒക്കെയാകാം അയാളുടെ ലക്ഷ്യം. അയാൾ നാട്ടിലെ ഗ്രാമമുഖ്യനുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു. ഗ്രാമമുഖ്യന് വളരെ വേണ്ടപ്പെട്ട ആൾ കൂടിയായിരുന്നു അയാൾ. പല വിഷയങ്ങളിലും അയാളുടെ സഹായം അദ്ദേഹം തേടാറുണ്ടായിരുന്നു. അയാളാണെങ്കിൽ അദ്ദേഹത്തെ വളരെ ആദരവോടെ കണ്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ഒരു ദിവസം അർദ്ധരാത്രിയിൽ നമ്മുടെ രസികൻ തെരുവിലൂടെ നടന്നു പോകുകയായിരുന്നു. ആളുകളെല്ലാം ഉറക്കത്തിലാണ്. നിശ്ശബ്ദമായ അന്തരീക്ഷം.... കുറച്ചു നടന്നപ്പോൾ ഒരു കാലടിപ്പാടിന്റെ ശബ്ദം കേട്ടു. അയാൾ ആ ഭാഗത്തേക്ക് ശ്രദ്ധ തിരിച്ചു. ഒരാൾ ഇരുളിൽ ഒരു വീട്ടിലേക്ക് ഓടിക്കേറുന്നത് കണ്ടു. രസികൻ ആ വീട്ടിലെത്തി വാതിൽ തുറന്ന് അകത്ത് കടന്നു. ഒരു വീട് എന്നൊന്നും പറയാൻ പറ്റാത്ത ചെറിയ ഒരു കുടിലായിരുന്നു അത്. ഒരു ഒറ്റ മുറി വീട്. മങ്ങിക്കത്തുന്ന വിളക്കിന്റെ വെട്ടത്തിൽ രണ്ട് മനുഷ്യ ശരീരങ്ങളെ അയാൾ കണ്ടു. ഒന്ന് ഒരു പഴകിയ കട്ടിലിൽ കിടക്കുന്ന അബലയും, വൃദ്ധയും ചിരകാല കിടപ്പ് രോഗിയും ആണെന്ന് മനസ്സിലായി. രണ്ടാമത്തെയാളുടെ മുഖത്തേക്ക് മങ്ങിയ വെളിച്ചത്തിൽ സൂക്ഷിച്ചു നോക്കിയപ്പോൾ ചെറുപ്പക്കാരനായ രസികൻ ഞെട്ടിപ്പോയി. അയാളെ സംബന്ധിച്ച് വല്ലാത്ത ഒരനുഭവം. ഗ്രാമമുഖ്യന്റെ മുഖമായിരുന്നു അയാളെ ഞെട്ടിച്ചത്. താങ്കൾ എന്തിന് ഇവിടെ ഇത്ര രഹസ്യമായി വന്നു എന്ന് രസികൻ ചോദിച്ചു. "ഈ വയോധികക്ക് ആരുമില്ല; ഞാൻ ഗ്രാമമുഖ്യനായി ചുമതലയേറ്റ രണ്ടുദിവസത്തിനുശേഷം തുടങ്ങിയതാണ് ഈ സേവനം, എന്നും രാത്രി വന്ന് അവരെ ശുശ്രൂഷിക്കുകയും വേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുകയുമാണ്.. ആളുകൾ അറിയാതെ സൂക്ഷിക്കാൻ ശ്രമിക്കുകയാണ്." എങ്ങനെയാണ് അങ്ങ് ഇവരെ കുറിച്ച് അറിഞ്ഞത് എന്ന് രസികൻ ചോദിച്ചു "എന്റെ മുൻഗാമിയായ ഗ്രാമമുഖ്യന്‍ ഇതുപോലെ ചെയ്തിരുന്നു, ഞാൻ അക്കാര്യം മനസ്സിലാക്കി ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി" ഓ! അത് ശരി! അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നല്ലോ! തീർച്ചയായും ആ ചര്യ പിന്തുടരേണ്ടത് തന്നെയാണ്. രസികൻ പ്രതികരിച്ചു "പക്ഷേ അദ്ദേഹം തന്റെ മുൻഗാമിയുടെ വർക്ക് ഏറ്റെടുത്തതായിരുന്നു" എന്ന് ഗ്രാമുഖ്യൻ പറഞ്ഞപ്പോൾ രസികൻ വല്ലാതെ അത്ഭുതപ്പെട്ടുപോയി. ആ മൂന്നാമത്തെ ഗ്രാമമുഖ്യൻ ഒരു സാധാരണ മുഖ്യൻ അല്ലായിരുന്നു അനേകം ഗ്രാമീണരുടെ വലിയ നേതാവായിരുന്നു. വലിയ ആചാര്യനായിരുന്നു. സംപൂജ്യനായി ജനങ്ങൾ കണ്ടിരുന്നയാൾ.

ശ്രദ്ധ:

നമ്മുടെ ജന നേതാക്കളും സേവകന്മാരും മുഖ്യന്മാരും ജാഡകൾ കൊണ്ടുനടക്കുന്ന ഇക്കാലത്ത് ഇത്തരം കഥകൾ എന്തുകൊണ്ടും പറയപ്പെടേണ്ടതും പ്രചരിപ്പിക്കപ്പെടേണ്ടതുമാണ്

ഒരു കുടുംബ കുറുമ്പ്

ഒരാൾക്ക് നാല് ഭാര്യമാരിലായി കുറേയധികം മക്കളുണ്ടായിരുന്നു. അതിൽ ആദ്യ ഭാര്യമാരിലെ മക്കൾ കുറച്ചു മുതിർന്നവരായിരിക്കൽ സ്വാഭാവികമാണല്ലോ. ഈ പിതാവും ഭാര്യമാരുമൊക്കെ ജീവിച്ചിരിക്കുന്നവരാണെങ്കിൽ ഇളയ സഹോദരന്മാരെ വേണ്ടത്ര സ്നേഹിക്കാൻ മുതിർന്നവർക്ക് കഴിയാതിരിക്കലും സർവ്വസാധാരണമാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരുന്നത്. മാത്രമല്ല മൂത്തവർ ചെറിയവരെ വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരുന്നു. പലപ്പോഴും പിതാവിനോട് പരാതി പറയാറുണ്ടായിരുന്നെങ്കിലും എന്തെങ്കിലും തരികിട പറഞ്ഞ് മൂത്തവർ രക്ഷപ്പെടുകയായിരുന്നു പതിവ്. പരാതി പറഞ്ഞതിന്റെ പേരിൽ കൂടുതൽ പീഡനങ്ങൾക്ക് കുട്ടികൾക്ക് വിധേയമാകേണ്ടതായും വരാറുണ്ട്. ഭീഷണിപ്പെടുത്തിയും മറ്റും പരാതിപ്പെടാതിരിക്കാൻ അവരെ പ്രേരിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യാറുണ്ട്. നമ്മുടെ കുട്ടികൾ പലപ്പോഴും ചെയ്യുന്നതുപോലെ തന്നെയല്ലേ ഇതും. ഇവിടെ പല ഭാര്യമാരിലെ മക്കളാണെന്ന പ്രത്യേകത പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുക കൂടി ചെയ്തു. മാത്രമല്ല പിതാവിന് ചെറിയവരോട് കൂടുതൽ സ്നേഹമായിരുന്നു. അത് മിക്കവാറും അങ്ങനെയൊക്കെ തന്നെയാണല്ലോ ഉണ്ടാവാറ്. മുതിർന്ന കുട്ടികളെയപേക്ഷിച്ച് ചെറിയവരോട് മാതാപിതാക്കൾ കൂടുതൽ സ്നേഹം പ്രകടിപ്പിക്കുക പതിവാണല്ലോ. പക്ഷേ അതവർക്ക് തീരെ സഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ചെറിയ കുട്ടിയെ കാണാതെ പോയി. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. വലിയവർ അതൊരാശ്വാസമായി കണക്കാക്കി. അവർക്ക് സന്തോഷമാണുണ്ടായത്. എന്താ കാര്യമെന്നോ? അസൂയ തന്നെ! പിതാവ് അവന് നൽകുന്ന സ്നേഹത്തിൽ അവർ വല്ലാതെ വെറുപ്പ് കാണിച്ചിരുന്നു. അങ്ങനെ കുറെ കാലം കഴിഞ്ഞുപോയി വലിയവർ ഒരു യാത്ര പോയി. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു നാട്ടിലേക്ക്. അവർക്കവിടെ നന്നായി ഇഷ്ടപ്പെട്ടു. അവിടെ നിന്ന് പല സാധനങ്ങളും അവർ വാങ്ങിക്കൂട്ടി. പട്ടണങ്ങൾ പലതരം വിഭവങ്ങൾ നിറഞ്ഞതായിരുന്നു അതെല്ലാം നിയന്ത്രിക്കുന്ന ആളെക്കുറിച്ച് ആശ്ചര്യത്തോടെ അവർ ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ കാണാൻ അവർക്കവസരം കിട്ടി. വളരെ മാന്യനായ ഒരു വ്യക്തിയായിരുന്നു. അയാൾ ആഗതരോട് കുടുംബ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എല്ലാം കേട്ട ശേഷം താൻതാങ്കളുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു. ആഗതർക്ക് ഇതെല്ലാം കണ്ട് ആശ്ചര്യമാണ് തോന്നിയത്. തങ്ങളോട് യാതൊരു പരിചയവുമില്ലാത്ത ഇദ്ദേഹം ഇതാ ഇങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു. ഏതായിരുന്നാലും കുടുംബത്തെ കൂട്ടിക്കൊണ്ട് ചെല്ലാൻ അവർ തീരുമാനിച്ചു. പിതാവിനോട് സംസാരിച്ചു സമ്മതിപ്പിച്ചു എല്ലാവരും ഒന്നിച്ച് യാത്ര പോയി. അവർക്കവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. "നിങ്ങൾക്ക് ഒരു സഹോദരൻ കളഞ്ഞു പോയിട്ടില്ലേ" എന്ന് നാട്ടുതലവൻ ചോദിച്ചു. ഉണ്ട്. നിങ്ങൾക്കെങ്ങനെ അറിയാം! എനിക്കതെല്ലാം അറിയാം! "കളഞ്ഞുപോയ ഞങ്ങളുടെ സഹോദരൻ നിങ്ങൾ തന്നെയാണോ? ഇത്ര വലിയ രീതിയിൽ ഞങ്ങളെ സൽക്കരിക്കുന്നല്ലോ!" ശരിക്കും തമാശ രൂപേണയായിരുന്നു അവരത് ചോദിച്ചത്. പക്ഷേ മറുപടി ആശ്ചര്യപ്പെടുത്തുന്നതായിരുന്നു "അത് ഞാൻ തന്നെയാണ്. നിങ്ങളുടെ എല്ലാ തെറ്റുകളും ഞാൻ പൊറുത്തിരിക്കുന്നു. നിങ്ങൾ ഇനി നാട്ടിലേക്ക് പോകേണ്ട ഇവിടെ തന്നെ സുഖമായി ജീവിക്കുക".

ശ്രദ്ധ:

തന്നെ കൊന്നിട്ടില്ല എന്നേയുള്ളൂ അത്രയധികം പീഡിപ്പിച്ചവരെ; രക്ഷപ്പെട്ടു പോന്നതിനുശേഷം പിന്നെ കണ്ടപ്പോൾ ഇങ്ങനെയൊക്കെ സ്വീകരിച്ച ആ മനസ്സ് എത്ര വലുതായിരിക്കും!! ഇതുപോലെയുള്ള മനസ്സുകൾ ലോകത്തെ ഐശ്വര്യപൂർണ്ണമാക്കുകയില്ലേ?.

ഒരു സ്നേഹബന്ധത്തിൻറെ കഥ

പട്ടാള മേധാവിയായി പ്രവർത്തിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അയാളുടെ അനുയായികൾ യഥാർത്ഥത്തിൽ നല്ല പരിചയമുള്ള യോദ്ധാക്കളോ, ശക്തരായ പടയാളികളോ ഒന്നുമായിരുന്നില്ല. പക്ഷേ അവർ തങ്ങളുടെ മേധാവി കൽപിക്കുന്നിടത്തേക്കെല്ലാം പോകാനും, നിർദ്ദേശിക്കുന്നതെല്ലാം ചെയ്യാനും തയ്യാറായിരുന്നു. പൊതുവേ നല്ല അനുസരണയുള്ളവരായിരുന്നു യുദ്ധമുന്നണിയിലെ മര്യാദകൾ കൂടുതലൊന്നും അറിയാത്തതുകൊണ്ട് ക്രമരഹിതമായ പല ഇടപെടലുകളും അതിനിടയിൽ അവരിൽ നിന്നുണ്ടാകാറുണ്ടായിരുന്നു. ഒരിക്കൽ ശത്രുവിഭാഗത്തിൽനിന്ന് വലിയ ഒരു വെല്ലുവിളി നേരിട്ടപ്പോൾ മേധാവി തൻറെ അനുയായികളെ ഒരുമിച്ചുകൂട്ടി യുദ്ധത്തിന് തയ്യാറാകാൻ പറഞ്ഞു. അവർ പൂർണ്ണമനസ്സോടുകൂടി തയ്യാറായി. സന്നാഹങ്ങളും ആയുധങ്ങളും വേണ്ടത്ര ഉണ്ടായിരുന്നില്ല. എന്നിരു ന്നാലും ഉള്ളതുകൊണ്ട് ഫലപ്രദമായി ശത്രുവിനെ പ്രതിരോധിക്കാൻ കഴിയുമെന്ന പ്രത്യാശയിൽ അവർ മുന്നോട്ട് വന്നു. മേധാവിയിൽ അവർക്കത്ര വിശ്വാസമായിരുന്നു. തങ്ങളുടെ സ്നേഹം മുഴുവൻ അവർ മേധാവിക്ക് നൽകുമായിരുന്നു മേധാവി ഒരിക്കലും തങ്ങളെ ചതിക്കുകയോ ശരിയായ പാതയിലൂടെയല്ലാതെ കൊണ്ടുപോകുകയോ ചെയ്യില്ലെന്ന് അവർക്കറിയാമായിരുന്നു. യുദ്ധത്തിനായി അണികൾ നിരന്നു പലർക്കും ആർഭാട പൂർണ്ണമായ വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. ചിലർ വസ്ത്രങ്ങൾ വിറ്റ് ആയുധങ്ങൾ വാങ്ങിയിരുന്നു മേധാവി അവരെയാരെയും അവജ്ഞയോടുകൂടി കണ്ടിരുന്നില്ല. വേഷഭൂഷാദികളിൽ മികച്ചവരും അല്ലാത്തവരും അദ്ദേഹത്തിനു മുന്നിൽ സമന്മാരായിരുന്നു. യുദ്ധമുന്നണിയിൽ ഉടുപ്പിടാത്ത ഒരാളുണ്ടായിരുന്നു അയാൾ അണിയിൽ നിന്ന് അല്പം മുന്നോട്ടാഞ്ഞുനിന്നു. പലവട്ടം അയാളോട് ശരിയായി നിൽക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ടെങ്കിലും അയാൾ പിന്നെയും വരിതെറ്റി നിൽക്കുകയായിരുന്നു. മേധാവി തൻറെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് അയാളുടെ വയറിന് ഒരടി കൊടുത്തു. കിട്ടേണ്ടത് കിട്ടിയപ്പോൾ അയാൾ ശരിക്കും നിന്നു. കാലങ്ങൾക്ക് ശേഷം മേധാവി വിരമിക്കാനഅടുത്തായി. തന്റെ അനുയായികളെ വിളിച്ചുചേർത്ത് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചു. പലർക്കും അതത്ര രുചിക്കുന്ന വാർത്തയായിരുന്നില്ല. അദ്ദേഹത്തെപ്പോലെയുള്ള ഒരു നല്ല മേധാവിയെ ഇനി ഒരിക്കലും കിട്ടുകയില്ലെന്ന് അവർക്കുറപ്പായിരുന്നു. മേധാവി അവരോട് ഇങ്ങനെ പറഞ്ഞു അനുയായികളേ... "യുദ്ധമുന്നണിയിൽ അച്ചടക്കത്തിന്റെ ഭാഗമായി ഞാൻ പലരോടും ഇഷ്ടപ്പെടാത്ത തരത്തിൽ ഇടപെട്ടിരിക്കാം. ആർക്കെങ്കിലും പകരം ചെയ്യണമെങ്കിൽ ഇപ്പോൾ ചെയ്യുക" ഇതു കേട്ടപാടെ പണ്ട് വരിതെറ്റി നിന്നിരുന്ന പടയാളി മുന്നോട്ടു വന്നു 'താങ്കൾ ഉടുപ്പഴിക്കണം ഉടുപ്പില്ലാതെയാണ് താങ്കൾ എന്നെ തല്ലിയത്" എന്ന് പറഞ്ഞു. അദ്ദേഹം ഉടുപ്പഴിച്ചു. പടയാളി മേധാവിയുടെ വയറിന് അടിക്കാനെന്നപോലെ മുന്നോട്ടുവന്നു. മറ്റു പടയാളികൾ അയാളെ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ മേധാവിയെ വല്ലതും ചെയ്താൽ നിൻറെ അവസാനമായിരിക്കുമെന്ന് ചിലർ പറഞ്ഞു. മേധാവി അവരെ സമാധാനിപ്പിച്ചു. പ്രതികാരം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തു. പടയാളി മേധാവിയുടെ വയറിൽ ചുംബിക്കുകയാണ് ചെയ്തത്. ആളുകൾ അന്താളിച്ചു പടയാളി പറഞ്ഞു. ഞാൻ അങ്ങയോട് പ്രതികാരം ചെയ്യാൻ വന്നതല്ല. അങ്ങയുടെ വയർ ചുംബിക്കാൻ എനിക്ക് ഏറ്റവും നല്ല അവസരം ഇതായിരുന്നു എന്ന് ഞാൻ കണക്കുകൂട്ടിയതാണ്. ആളുകൾ കരഘോഷം മുഴക്കി സന്തോഷം പങ്കിട്ടു.

ശ്രദ്ധ:

എത്ര വലിയ സ്നേഹബന്ധമായിരിക്കും ആ മേധാവിയും അനുയായികളും തമ്മിൽ നിലനിന്നിരിക്കുക; നമ്മുടെ ഭരണാധികാരികളെല്ലാം ഇങ്ങനെയായെങ്കിൽ എത്ര സന്തോഷ പൂർണ്ണമായിരിക്കും ജീവിതം.